സകാക്ക: സൗദി അറേബ്യയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ ഗസൽ ഇനത്തിൽപ്പെട്ട രണ്ട് മാൻകുഞ്ഞുങ്ങൾ പിറന്നു. 2026 നവംബറിലാണ് രണ്ട് ജനനങ്ങളും രേഖപ്പെടുത്തിയതെന്ന് സംരക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
അറേബ്യൻ ഗസൽ (Gazella arabica) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ മാൻ ഇനം പ്രാദേശികമായി ‘അൽ ഇദ്മി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള ജീവിവർഗങ്ങളുടെ വിഭാഗത്തിലാണ് അറേബ്യൻ ഗസലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സാധാരണയായി പെൺ അറേബ്യൻ ഗസലുകൾ ഒരു പ്രസവത്തിൽ ഒരു കുഞ്ഞിനാണ് ജന്മം നൽകുന്നത്. അതിനാൽ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് പുതിയ കുഞ്ഞുങ്ങൾ പിറന്നത് ഈ ജീവിവർഗത്തിന്റെ സംരക്ഷണ ശ്രമങ്ങളിൽ ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
2024ലും കിങ് സൽമാൻ റോയൽ സംരക്ഷണ കേന്ദ്രത്തിൽ അറേബ്യൻ ഗസൽ കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തിയിരുന്നു.
പുതിയ ജനനങ്ങൾ സംരക്ഷണ കേന്ദ്രത്തിൽ നടപ്പാക്കുന്ന വന്യജീവി പരിപാലന, പ്രജനന പദ്ധതികളുടെ വിജയവും ഈ ജീവിവർഗത്തിന് അനുയോജ്യമായ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിൽക്കുന്നതും വ്യക്തമാക്കുന്നതായി അധികൃതർ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, തദ്ദേശീയ ജീവിവർഗങ്ങളെ അവയുടെ യഥാർത്ഥ ആവാസമേഖലകളിലേക്ക് തിരിച്ചെത്തിക്കുക തുടങ്ങിയ പദ്ധതികളാണ് കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റി നടപ്പാക്കിവരുന്നത്.
വന്യജീവികളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം പ്രകൃതിയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം സമ്പന്നമാക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളിൽ പുതിയ മാൻകുഞ്ഞുങ്ങളുടെ ജനനം ശ്രദ്ധേയമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
