റിയാദ്: ബഹ്റൈനുനേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബഹ്റൈനുനേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.
ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപരമായ സഹവർത്തിത്വത്തിന്റെയും അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന സമാധാന ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ ദുർബലപ്പെടുത്തുന്നതായും സൗദി അറേബ്യ ചൂണ്ടിക്കാട്ടി.
ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പൂർണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ചു.
മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാന്റെ എല്ലാ ആക്രമണങ്ങളും അടിയന്തരമായി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
പ്രതിസന്ധികൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ അവസരമൊരുക്കണമെന്നും മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും സഹകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
