റിയാദ്: മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഈജിപ്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ ചർച്ച നടത്തി.
തിങ്കളാഴ്ചയാണ് ഈജിപ്ത് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ, പ്രവാസികാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ ആത്തിയുമായും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ താനിയുമായും പ്രത്യേകം ഫോൺ സംഭാഷണങ്ങൾ നടത്തിയത്.
ഈജിപ്ത് വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും അവലോകനം ചെയ്തു.
മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങളും ചർച്ചയായി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ആശയവിനിമയവും ഏകോപനവും കൂടിയാലോചനകളും തുടരേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ വ്യക്തമാക്കി.
തുടർന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനിയുമായും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ടെലിഫോണിൽ സംസാരിച്ചു.
ഖത്തർ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംഘർഷാവസ്ഥ കുറയ്ക്കുന്നതിനായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും പ്രധാന വിഷയങ്ങളായി.
മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള തുടർനടപടികളും ഇരുവരും ചർച്ച ചെയ്തു.
പ്രാദേശിക സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനും നയതന്ത്ര ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രിയുടെ പുതിയ ചർച്ചകൾ.
