എൻജമീന: സൗദി അറേബ്യയുടെ പിന്തുണയോടെ ആഫ്രിക്കയിലെ സാഹേൽ രാജ്യങ്ങൾക്കായുള്ള ഭീകരവിരുദ്ധ പരിശീലന പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾക്ക് ഛാഡ് തലസ്ഥാനമായ എൻജമീനയിൽ തുടക്കമായി. ഇസ്ലാമിക് മിലിട്ടറി കൗണ്ടർ ടെററിസം കോയലിഷന്റെ (IMCTC) നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.
നവംബർ 16 മുതൽ ഡിസംബർ 11 വരെ നാല് ആഴ്ച നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ 150 സൈനികർക്കും സിവിലിയൻ ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകും.
തീവ്രവാദ ആശയങ്ങൾക്കെതിരായ പ്രതിരോധം, മാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രചാരണങ്ങൾ തടയൽ, ഭീകരവാദത്തിനുള്ള ധനസഹായം കണ്ടെത്തി തടയൽ, സൈനിക സുരക്ഷാ പ്രവർത്തനങ്ങൾ എന്നീ നാല് പ്രധാന മേഖലകളിലാണ് പരിശീലനം നൽകുന്നത്.
ഛാഡ് സായുധസേന, വിമുക്തഭടൻമാർ, യുദ്ധബാധിതർ എന്നിവരുടെ ചുമതലയുള്ള മന്ത്രി ഇസ്സാഖ മലുവാ ജാമൂസ്, ഇസ്ലാമിക് സൈനിക ഭീകരവിരുദ്ധ സഖ്യത്തിന്റെ സെക്രട്ടറി ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മൊഗൈദി എന്നിവരും വിവിധ സൈനിക, സുരക്ഷാ, സിവിലിയൻ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ആദ്യ വർഷത്തിൽ മൗറിറ്റാനിയ, മാലി, നൈജർ, ബുർക്കിന ഫാസോ, ഛാഡ് എന്നീ അഞ്ച് രാജ്യങ്ങളിലായി 22 പരിശീലന, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ 2,300 പേർക്ക് പ്രയോജനം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
സാഹേൽ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അതിർത്തികൾ കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെന്ന് ഛാഡ് മന്ത്രി ഇസ്സാഖ ജാമൂസ് പറഞ്ഞു.
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യൽ, അനധികൃത ധനസമാഹരണം, സായുധ ആക്രമണങ്ങൾ എന്നിവയിലൂടെ ഭീകരസംഘടനകൾ പ്രവർത്തനരീതികൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് സൈനിക, സുരക്ഷാ, സിവിലിയൻ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.
ഇസ്ലാമിക് സൈനിക ഭീകരവിരുദ്ധ സഖ്യം സ്ഥാപിക്കുന്നതിലും അതിന്റെ പ്രവർത്തനങ്ങൾക്കു തുടർച്ചയായ പിന്തുണ നൽകുന്നതിലും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വഹിക്കുന്ന പങ്കിനെ ഛാഡ് മന്ത്രി അഭിനന്ദിച്ചു.
സൗദി പ്രതിരോധ മന്ത്രിയും സഖ്യത്തിലെ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ കൗൺസിൽ അധ്യക്ഷനുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടവും പിന്തുണയും പദ്ധതിക്ക് ലഭിക്കുന്നതായി സഖ്യത്തിന്റെ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ മൊഗൈദി വ്യക്തമാക്കി.
അംഗരാജ്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലന പരിപാടികൾ തയ്യാറാക്കുന്നതിനും വിവിധ രാജ്യങ്ങൾ തമ്മിലുള്ള അനുഭവങ്ങളും സാങ്കേതിക അറിവുകളും പങ്കുവെക്കുന്നതിനും സഖ്യം പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആശയങ്ങളിലൂടെ യുവാക്കളെ ആകർഷിക്കൽ, മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തൽ, സാമ്പത്തിക ശൃംഖലകൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം കണ്ടെത്തൽ തുടങ്ങിയ ഭീഷണികളെ നേരിടാൻ സമഗ്രമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛാഡിൽ ആരംഭിച്ച പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ തീവ്രവാദ ആശയങ്ങളുടെ വ്യാപനം തടയുന്നതിനും ഭീകരസംഘടനകളുടെ റിക്രൂട്ട്മെന്റ് രീതികൾ തിരിച്ചറിയുന്നതിനുമുള്ള ശിൽപശാലകളാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് മാധ്യമങ്ങൾ, ഭീകരവാദ ധനസഹായം തടയൽ, സൈനിക പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പരിശീലനം നൽകും.
പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥർ തങ്ങൾ നേടിയ അറിവുകളും കഴിവുകളും അതത് സ്ഥാപനങ്ങളിലെ സഹപ്രവർത്തകരുമായി പങ്കുവെക്കുന്നതിലൂടെ പദ്ധതിയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
സാഹേൽ മേഖലയിലെ ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും അംഗരാജ്യങ്ങളുടെ സുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള സൗദി പിന്തുണയോടെയുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിശീലന പദ്ധതി.
