റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് സൗദി അറേബ്യ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (IMD) ബുധനാഴ്ച പുറത്തിറക്കിയ 2026ലെ ലോക ഡിജിറ്റൽ, എഐ റാങ്കിങ്ങിലാണ് വിവിധ സൂചികകളിൽ സൗദി അറേബ്യ മുൻനിര സ്ഥാനങ്ങൾ സ്വന്തമാക്കിയത്.
ലോകത്തെ 70 രാജ്യങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്.
കമ്പനികളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട സൈബർ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധത്തിലും കോർപ്പറേറ്റ് എഐ സംവിധാനങ്ങളിലെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിലും സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി.
ദേശീയ എഐ തന്ത്രം നടപ്പാക്കൽ, കമ്പനികളിലെ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം, പൊതുജനങ്ങൾക്ക് എഐ സാങ്കേതികവിദ്യകൾ ലഭ്യമാക്കൽ എന്നീ മൂന്ന് പ്രധാന സൂചികകളിൽ സൗദി അറേബ്യ ലോകത്ത് നാലാം സ്ഥാനത്തെത്തി.
എഐ സാങ്കേതികവിദ്യയുടെ സ്വീകാര്യതയിൽ സൗദി അറേബ്യ അഞ്ചാം സ്ഥാനം നേടി. എഐയിലുള്ള പൊതുജന വിശ്വാസം, എഐയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയന്ത്രണ സംവിധാനങ്ങൾ, കമ്പനികളുടെ എഐ നിക്ഷേപം എന്നീ ഉപസൂചികകളിലും അഞ്ചാം സ്ഥാനമാണ് രാജ്യം കരസ്ഥമാക്കിയത്.
എഐ മേഖലയിലെ നൈപുണ്യ വികസനം, നഗരങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള എഐ ഉപയോഗം, എഐ അൽഗോരിതങ്ങളിലെ പക്ഷപാതം പരിഹരിക്കുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങൾ എന്നിവയിൽ സൗദി അറേബ്യ ഏഴാം സ്ഥാനത്തെത്തി.
എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ എട്ടാം സ്ഥാനവും സ്വകാര്യ മേഖലയിലെ എഐ നിക്ഷേപത്തിൽ ഒമ്പതാം സ്ഥാനവും എഐ, മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട സൂചികയിൽ പതിനൊന്നാം സ്ഥാനവും രാജ്യം നേടി.
ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം, ദേശീയ പ്രതിഭകളുടെ നൈപുണ്യ വികസനം എന്നിവയിൽ സൗദി അറേബ്യ കൈവരിച്ച മുന്നേറ്റമാണ് പുതിയ റാങ്കിങ് വ്യക്തമാക്കുന്നത്.
എഐ മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരമായ നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ പരിവർത്തനവും നൂതന സാങ്കേതികവിദ്യകളുടെ വികസനവും ലക്ഷ്യമിട്ട് രാജ്യം നടപ്പാക്കുന്ന പദ്ധതികൾക്ക് പുതിയ നേട്ടങ്ങൾ കൂടുതൽ കരുത്തേകുന്നു.
