ജിദ്ദ: സൗദി അറേബ്യയിൽ നടക്കുന്ന ആറാമത് ഹജ്ജ് കോൺഫറൻസിലും എക്സിബിഷനിലും പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലും അന്താരാഷ്ട്ര പങ്കാളിത്തത്തിലും വൻ വർധനവുണ്ടായതായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു.
2022ൽ നടന്ന കോൺഫറൻസിൽ 84 സ്ഥാപനങ്ങളാണ് പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ അത് ഏകദേശം 520 ആയി ഉയർന്നു. അഞ്ച് മടങ്ങിലധികം വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
കോൺഫറൻസ് അവസാനിക്കുന്നതോടെ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ, മന്ത്രിമാർ, മുഫ്തിമാർ എന്നിവരടക്കം 150ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഹജ്ജ് കോൺഫറൻസിന് ലഭിക്കുന്ന വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യവും ശക്തമായ പങ്കാളിത്തവുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഹജ്ജ് മേഖലയിലെ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുമായി നിരവധി കരാറുകളും പങ്കാളിത്തങ്ങളും കോൺഫറൻസിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ ശ്രമങ്ങളിൽ ഈ സമ്മേളനം നിർണായക പങ്കുവഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
തീർഥാടക സേവനങ്ങളുടെ വികസനത്തിന് സൗദി ഭരണകൂടം നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും മന്ത്രി നന്ദി അറിയിച്ചു. തീർഥാടകർക്കുള്ള സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന്റെ പ്രധാന അടിത്തറ സൗദി നേതൃത്വത്തിന്റെ പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
