മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 43-ാമത് യോഗം ബുധനാഴ്ച ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രിയും നിലവിലെ സമ്മേളന അധ്യക്ഷനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ജിസിസി രാജ്യങ്ങളുടെ സുരക്ഷ പരസ്പരം വേർതിരിക്കാനാവാത്തതാണെന്നും ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരായ ഭീഷണി മുഴുവൻ ഗൾഫ് സുരക്ഷാ സംവിധാനത്തിനുമുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ വ്യക്തമാക്കി.
സൗദി അറേബ്യയിലെ സാധാരണക്കാരെയും സിവിലിയൻ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങളെയും മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകൾക്കെതിരായ ആക്രമണങ്ങളെയും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികൾ സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്നതിനൊപ്പം യെമനിലെയും വിശാലമായ മേഖലയിലെയും സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
നിലവിലെ അസാധാരണ സാഹചര്യങ്ങളും അതീവ നിർണായകമായ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് പുതിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായശേഷം പ്രതികരിക്കുന്ന സമീപനത്തിൽനിന്ന് മാറി ഭീഷണികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി സമഗ്രമായ സുരക്ഷാ പദ്ധതികൾ നടപ്പാക്കുകയും അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 44-ാമത് യോഗത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നും അബ്ദുൽ അസീസ് രാജകുമാരൻ അറിയിച്ചു. അടുത്ത സമ്മേളനത്തിനായി മന്ത്രിമാരെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്താൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അംഗരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിനുമുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
