റിയാദ്: എഞ്ചിനീയറിംഗ് മേഖലയിലെ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പുവരുത്തുന്നതിനായി കർശന പരിശോധനകളും നിയമ നിർദ്ദേശങ്ങളുമായി സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സ് (Saudi Council of Engineers – SCE). എഞ്ചിനീയറിംഗ് ഓഫീസുകൾ, കമ്പനികൾ, വ്യക്തിഗത തൊഴിൽ ചെയ്യുന്നവർ എന്നിവരുടെ ലൈസൻസുകളും പ്രൊഫഷണൽ അക്രഡിറ്റേഷനുകളും കൃത്യമാണോ എന്ന് പരിശോധിക്കാൻ പരിശോധനാ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കരാറുകൾ, പ്ലാനുകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിക്കാനും ആവശ്യമെങ്കിൽ സുരക്ഷാ സേനയുടെ സഹായം തേടാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
വ്യക്തിഗത വിവരങ്ങളുടെയും സ്ഥാപനങ്ങളുടെ രേഖകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കൗൺസിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ശേഖരിക്കുന്ന എല്ലാ വിവരങ്ങളും അതീവ സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങളിൽ സൂക്ഷിക്കുകയും ഔദ്യോഗിക അന്വേഷണ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുകയും ചെയ്യും. അക്രഡിറ്റേഷൻ ഇല്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കും. എഞ്ചിനീയർമാർ, സ്പെഷ്യലിസ്റ്റുകൾ, ടെക്നീഷ്യന്മാർ എന്നിവർ തങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ച തൊഴിൽ മേഖലകളിൽ അല്ലാതെ പ്രവർത്തിക്കാൻ പാടില്ല.
ലൈസൻസ് കാലാവധി അവസാനിച്ച ശേഷവും ഓഫീസുകളുടെയോ കമ്പനികളുടെയോ ശാഖകളുടെയോ പ്രവർത്തനം തുടരുന്നത് നിയമവിരുദ്ധമായ പ്രവർത്തനമായി കണക്കാക്കി സാമ്പത്തിക പിഴ ചുമത്തും. ഉദ്യോഗസ്ഥർ കൃത്യമായ രേഖകളും ചിത്രങ്ങളും ഉൾപ്പെടുത്തി മഹസ്സർ തയ്യാറാക്കി തുടർനടപടികൾക്കായി റിപ്പോർട്ട് സമർപ്പിക്കും. ഏതൊരു എഞ്ചിനീയറിംഗ് പ്ലാനുകളിലും രേഖകളിലും ഉദ്യോഗസ്ഥന്റെ പേര്, പ്രൊഫഷണൽ ഡിഗ്രി, അക്രഡിറ്റേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തൽ നിർബന്ധമാണ്.
പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ജോലിയിൽ പ്രവേശിച്ച ജീവനക്കാരും തങ്ങളുടെ തസ്തികകൾക്ക് (എഞ്ചിനീയർ, സ്പെഷ്യലിസ്റ്റ്, ടെക്നീഷ്യൻ) അനുസരിച്ചുള്ള പ്രൊഫഷണൽ അക്രഡിറ്റേഷൻ കരസ്ഥമാക്കേണ്ടതുണ്ട്. അക്രഡിറ്റേഷൻ ഇല്ലാതെ ജോലി ചെയ്യുന്ന കേസുകളിൽ ജീവനക്കാരനും സ്ഥാപനത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടായിരിക്കും. വ്യക്തിഗത അക്രഡിറ്റേഷൻ ഇല്ലാതെ ജോലി ചെയ്തതിന് ജീവനക്കാരനും, യോഗ്യതയില്ലാത്തയാളെ ജോലിക്ക് നിയമിച്ചതിന് സ്ഥാപനത്തിനും എതിരെ നിയമനടപടിയും പിഴയും ഉണ്ടാകും.
