റിയാദ്: സൗദി അറേബ്യയിലേക്ക് പുതുതായി എത്തുന്ന ഗാർഹിക തൊഴിലാളികളുടെ അടിയന്തര വൈദ്യപരിശോധനയ്ക്കുള്ള (Medical Check-up) അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈൻ വഴി സൗകര്യപ്രദമായി ബുക്ക് ചെയ്യാം. സൗദി മാനവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം പ്രഖ്യാപിച്ചത്. ദേശീയ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ ‘മുസാനദ്’ (Musaned), ആരോഗ്യ മന്ത്രാലയത്തിന്റെ ‘സ്വഹത്തി’ (Sehhaty) ആപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ഈ പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
തൊഴിലുടമകളുടെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും, ഇഖാമ (താമസ രേഖ) ലഭിക്കുന്നതിനുള്ള വൈദ്യപരിശോധനാ നടപടികൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. പുതിയ സംവിധാനത്തിലൂടെ, ഗാർഹിക തൊഴിലാളി സൗദിയിൽ എത്തുന്ന നിമിഷം മുതൽ അവരുടെ വിവരങ്ങൾ ‘സ്വഹത്തി’ ആപ്പിൽ തനിയെ ലഭ്യമാകും. തൊഴിലുടമയ്ക്ക് തങ്ങൾക്ക് അടുത്തുള്ള അംഗീകൃത ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, നേരിട്ട് കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പ് വഴി പരിശോധനാ സമയം ബുക്ക് ചെയ്യാനും കഴിയും. ഇത് സമയലാഭത്തിനും കാത്തിരിപ്പ് ഒഴിവാക്കാനും സഹായിക്കും.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ തുടക്കം മുതൽ ഇഖാമ ലഭിക്കുന്നത് വരെയുള്ള മുഴുവൻ ഘട്ടങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ സംവിധാനം വികസിപ്പിച്ചത്. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി സൗദിയിലെ തൊഴിൽ രംഗത്തെ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിക്കും.
