വാഷിങ്ടൺ: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് സൗദി–യുഎസ് ബിസിനസ് കൗൺസിൽ ഡയറക്ടർ ബോർഡ് യോഗം. ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള മുൻഗണനകളും യോഗം ചർച്ച ചെയ്തു.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, നിക്ഷേപ മന്ത്രി ഫഹദ് അൽ സൈഫ്, സൗദിയിലെയും അമേരിക്കയിലെയും പ്രമുഖ വ്യവസായ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിസിനസ് കൗൺസിൽ സഹ അധ്യക്ഷരായ ലുബ്ന ഒലയാൻ, ജെയ്ൻ ഫ്രേസർ എന്നിവർ സംയുക്തമായി യോഗത്തിന് നേതൃത്വം നൽകി.
ഊർജ സുരക്ഷയും വ്യവസായ വികസനവും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയുടെ പ്രതിബദ്ധത അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. നിർമിതബുദ്ധി, നിർണായക അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന പുതിയ അവസരങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയിലെയും അമേരിക്കയിലെയും വ്യവസായ മേഖലകൾ തമ്മിലുള്ള ശക്തമായ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു.
ദേശീയ നിക്ഷേപ തന്ത്രത്തിന്റെ രണ്ടാം പതിപ്പിലെ പ്രധാന സവിശേഷതകൾ നിക്ഷേപ മന്ത്രി ഫഹദ് അൽ സൈഫ് വിശദീകരിച്ചു. നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവയെ യഥാർഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനാണ് പുതിയ തന്ത്രം മുൻഗണന നൽകുന്നത്. ഇതിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും ഭാവിയിലെ സാമ്പത്തിക അവസരങ്ങളിലാണ് വ്യവസായ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലുബ്ന ഒലയാൻ പറഞ്ഞു. സൗദിയും അമേരിക്കയും തമ്മിലുള്ള ദീർഘകാല വ്യാപാരബന്ധം കൂടുതൽ വികസിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്നും ഇരുരാജ്യങ്ങളിലെയും ഉന്നത വ്യവസായ നേതൃത്വങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നത് പുതിയ നിക്ഷേപങ്ങൾക്കും നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ സാമ്പത്തിക വളർച്ചയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ജെയ്ൻ ഫ്രേസർ വ്യക്തമാക്കി. വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും ബിസിനസ് കൗൺസിൽ നിർണായക പങ്കുവഹിക്കുന്നതായും അവർ പറഞ്ഞു.
വ്യാപാരത്തിനും നിക്ഷേപത്തിനും തടസ്സമാകുന്ന ഘടനാപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക, പ്രായോഗിക നിർദേശങ്ങൾ തയ്യാറാക്കുക, സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സംഘടനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും ഡയറക്ടർ ബോർഡ് ചർച്ച ചെയ്തു.
പ്രധാന മേഖലകളിൽ പുതിയ വ്യാപാര പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നിക്ഷേപ സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകും. പ്രാദേശിക വെല്ലുവിളികൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സ്ഥാപനതല സഹകരണവും തുടർച്ചയായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും കൗൺസിൽ ഊന്നിപ്പറഞ്ഞു.
സൗദി–അമേരിക്ക സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയും ലഭ്യമായ നിക്ഷേപ അവസരങ്ങളുടെ വ്യാപ്തിയും കൗൺസിൽ അംഗങ്ങളുടെ അനുഭവസമ്പത്തും പ്രതിബദ്ധതയും വ്യക്തമാക്കുന്നതായി ബിസിനസ് കൗൺസിൽ സിഇഒ ചാൾസ് ഹല്ലാബ് പറഞ്ഞു. വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുന്നതിനും ഇരുരാജ്യങ്ങളുടെയും പൊതുവായ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1993-ൽ സൗദി രാജകീയ ഉത്തരവിന്റെയും അമേരിക്കൻ ഭരണനടപടിയുടെയും അടിസ്ഥാനത്തിൽ സ്ഥാപിതമായ സൗദി–യുഎസ് ബിസിനസ് കൗൺസിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വ്യവസായ സഹകരണം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രവർത്തിക്കുന്നത്.
