ജിദ്ദ: സൗദി അറേബ്യയിൽ ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ 93 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയതായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് സമ്മേളനത്തിലും പ്രദർശനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് സീസണിന് മുന്നോടിയായി 60-ലധികം സർക്കാർ ഏജൻസികളുടെ ഏകോപിത പ്രവർത്തനവും ഏകദേശം 600 പദ്ധതികളുടെ അവലോകനവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ 2019-ൽ ആരംഭിച്ച പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഉംറ തീർഥാടകരുടെ അനുഭവവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന 90 ശതമാനം സംതൃപ്തി ലക്ഷ്യം മറികടക്കാൻ പദ്ധതിക്ക് സാധിച്ചു.
മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കുക എന്നിവയാണ് പദ്ധതിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ.
ഉംറ തീർഥാടകരുടെ എണ്ണം, വിദേശ തീർഥാടകർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, തീർഥാടകരുടെ മൊത്തത്തിലുള്ള അനുഭവം തുടങ്ങിയ വിവിധ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നത്.
ഹജ്ജ് തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ചരിത്രപരവും ഇസ്ലാമികവും സാംസ്കാരികവുമായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൃത്യമായ ലക്ഷ്യനിർണയം, വിവിധ വകുപ്പുകളുടെ ഏകോപനം, നിരന്തരമായ യോഗങ്ങൾ, ഹജ്ജ്-ഉംറ പദ്ധതികളുടെ നടത്തിപ്പിനുള്ള സംയോജിത സംവിധാനം എന്നിവയിലൂടെ നടത്തിയ വിപുലമായ ആസൂത്രണത്തിന്റെ ഫലങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നതെന്നും തൗഫീഖ് അൽ റബീഅ വ്യക്തമാക്കി.
