ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആറാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ ഞായറാഴ്ച ജിദ്ദ സൂപ്പർഡോമിൽ ഉദ്ഘാടനം ചെയ്തു. നാലുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ‘മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.
ഹജ്ജ്, ഉംറ മന്ത്രാലയം പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷൻ മേധാവികൾ, ഹജ്ജ് കാര്യാലയ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് സംസാരിച്ച സൗദ് ബിൻ മിശ്അൽ രാജകുമാരൻ തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഹജ്ജ് സംവിധാനങ്ങളുടെ തുടർച്ചയായ വികസനം, ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനപ്പെടുത്തൽ, സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവയ്ക്ക് രാജ്യം മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഹജ്ജ്, ഉംറ സേവനരംഗത്ത് കൈവരിച്ച സുപ്രധാന നേട്ടങ്ങൾ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വിശദീകരിച്ചു. വിദേശ തീർഥാടകർക്ക് സേവനം നൽകുന്ന കമ്പനികളുടെ എണ്ണം 34 ആയി ഉയർത്തിയിട്ടുണ്ട്. 58 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള കരാർ സംവിധാനം വ്യാപിപ്പിക്കുകയും ഡയറക്ട് ഹജ്ജ് പ്രോഗ്രാമിലൂടെ 75 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് കൂടി ഹജ്ജിന് അവസരമൊരുക്കുകയും ചെയ്തു.
78 രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി സഹകരിച്ച് 1448 ഹിജ്റ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങൾ നേരത്തേ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
നുസുക് പ്ലാറ്റ്ഫോമിന്റെയും ആപ്പിന്റെയും ഉപയോക്താക്കളുടെ എണ്ണം ഏഴ് കോടി കവിഞ്ഞതായും 1447 ഹിജ്റ ഹജ്ജ് സീസണിൽ തീർഥാടകരുടെ സംതൃപ്തി നിരക്ക് 93 ശതമാനത്തിലെത്തിയതായും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ എട്ട് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ബോധവൽക്കരണ, പരിശീലന ഫോറത്തിനും ഏകീകൃത സ്റ്റാഫ് പോർട്ടലിനും തുടക്കം കുറിച്ചു.
150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും സാന്നിധ്യവുമുള്ള പ്രദർശനം 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ, നവീകരണം, പ്രവർത്തന സംവിധാനങ്ങൾ, പരിശീലനം, ബിസിനസ്, വിജ്ഞാന കൈമാറ്റം തുടങ്ങി വിവിധ മേഖലകളിലായി 15-ലധികം പ്രധാന വിഭാഗങ്ങളും പരിപാടികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
