റിയാദ്: സൗദി അറേബ്യ ടൂറിസ്റ്റ് വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചു. മെക്സിക്കോ, നോർത്ത് മാസിഡോണിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സെർബിയ എന്നീ നാല് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാർക്ക് വിനോദസഞ്ചാരത്തിന് പുറമെ വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും പ്രദർശനങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ടൂറിസ്റ്റ് വിസ ഉപയോഗിക്കാം.
സൗദിയുടെ ഔദ്യോഗിക വിനോദസഞ്ചാര വെബ്സൈറ്റായ ‘വിസിറ്റ് സൗദി’യിൽ നൽകിയ വിവരങ്ങൾ പ്രകാരം, ഈ നാല് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ, വിസ ഓൺ അറൈവൽ, ട്രാൻസിറ്റ് അല്ലെങ്കിൽ സ്റ്റോപ്പ് ഓവർ വിസ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓരോ വിസയ്ക്കും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും ബാധകമായിരിക്കും.
സൗദി അറേബ്യയിൽ പ്രവേശിക്കുന്ന സന്ദർശകർ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
