റിയാദ്: സൗദി അറേബ്യയിലെ ഏകീകൃത അടിയന്തര സേവന നമ്പറായ 911-ലേക്ക് ഒക്ടോബർ മാസത്തിൽ 30 ലക്ഷത്തിലേറെ കോളുകൾ ലഭിച്ചതായി ദേശീയ സുരക്ഷാ പ്രവർത്തന കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നായി ആകെ 30,07,723 കോളുകളാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് റിയാദ് മേഖലയിലാണ്. ഇവിടെ നിന്ന് 12,22,099 കോളുകൾ ലഭിച്ചു. മക്ക മേഖലയിൽ നിന്ന് 9,60,156 കോളുകളും കിഴക്കൻ പ്രവിശ്യയിൽ നിന്ന് 5,75,567 കോളുകളും മദീന മേഖലയിൽ നിന്ന് 2,49,901 കോളുകളും ലഭിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന കോളുകൾ സ്വീകരിച്ച് ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്കും സേവന ഏജൻസികൾക്കും കൈമാറുകയാണ് ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങളുടെ പ്രധാന ചുമതല.
അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് കോളുകൾ കൈകാര്യം ചെയ്യുന്നത്. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പ്രത്യേക പരിശീലനം നേടിയ ജീവനക്കാർ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും കൃത്യതയോടെയും പ്രതികരിച്ച് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് 911 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
