ജിദ്ദ: വിശുദ്ധ നഗരമായ മദീന പ്രവിശ്യയെ ലക്ഷ്യമാക്കി ഭീകര സംഘടനയായ ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ആകാശത്തുവെച്ചുതന്നെ മിസൈൽ പ്രതിരോധിച്ച് നശിപ്പിച്ചതായി അറബ് സഖ്യസേന (കയലേഷൻ ടു റീസ്റ്റോർ ലെജിറ്റിമസി ഇൻ യമൻ) ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർകി അൽ മാലികി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിശുദ്ധ നഗരങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഹൂത്തികൾ നടത്തുന്ന ഇത്തരം ഭീരുത്വപരമായ അക്രമശ്രമങ്ങളെ അതീവ ജാഗ്രതയോടെയാണ് സഖ്യസേന നിരീക്ഷിക്കുന്നത്. പൗരന്മാരുടെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളെ തകർക്കുന്നതിനും വ്യോമ പ്രതിരോധ സേന സജ്ജമാണെന്ന് സഖ്യസേന വ്യക്തമാക്കി.
