റിയാദ്: സിറിയയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനും പൊതുസേവനങ്ങളുടെ വികസനത്തിനുമായി 40.3 കോടി ഡോളറിലധികം (403 മില്യൺ ഡോളർ) മൂല്യമുള്ള ആറ് വികസന വായ്പാ കരാറുകളിൽ സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്എഫ്ഡി) ഒപ്പുവെച്ചു. ഊർജം, ജലവിതരണം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ പ്രധാന മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുക.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ശറാഅയുടെയും സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കരാറുകൾ ഒപ്പുവെച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശപ്രകാരമാണ് പദ്ധതികൾ നടപ്പാക്കുന്നത്.
സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുൽത്താൻ അൽ മർഷദും സിറിയൻ ധനമന്ത്രി മുഹമ്മദ് യിസർ ബർനിയയുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, അവശ്യസേവനങ്ങൾ മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.
വൈദ്യുതി മേഖലയ്ക്ക് 9 കോടി ഡോളർ
അലപ്പോ താപവൈദ്യുത നിലയത്തിലെ വൈദ്യുതി ഉൽപാദന യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി 9 കോടി ഡോളർ അനുവദിക്കും. ഏകദേശം 50 ലക്ഷം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വൈദ്യുതി വിതരണം സ്ഥിരപ്പെടുത്തുന്നതിനൊപ്പം വ്യവസായ, സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും.
കുടിവെള്ള വിതരണത്തിന് 3 കോടി ഡോളർ
സിറിയയിലെ കുടിവെള്ള വിതരണ സംവിധാനം നവീകരിക്കുന്നതിനായി 3 കോടി ഡോളർ അനുവദിക്കും. വിവിധ പ്രവിശ്യകളിലായി മൂന്ന് ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കും. ഏകദേശം 15 ലക്ഷം ആളുകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾക്ക് 10.5 കോടി ഡോളർ
അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി 10.5 കോടി ഡോളർ ചെലവിൽ 25 സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്യും. 70 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യുദ്ധാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും പദ്ധതി സഹായകരമാകും.
ഭവന പുനരുദ്ധാരണത്തിന് 6 കോടി ഡോളർ
യുദ്ധത്തിൽ തകർന്ന 10,000 വീടുകൾ വരെ പുനരുദ്ധരിക്കുന്നതിനായി 6 കോടി ഡോളർ അനുവദിക്കും. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സാമൂഹിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ആരോഗ്യമേഖലയ്ക്ക് 10 കോടി ഡോളർ
ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും നിർമിക്കുന്നതിനും നവീകരിക്കുന്നതിനുമായി 10 കോടി ഡോളർ അനുവദിക്കും. അടിസ്ഥാന ചികിത്സാസൗകര്യങ്ങളും വിദഗ്ധ ചികിത്സാസേവനങ്ങളും പുനഃസ്ഥാപിക്കുക, കൂടുതൽ ആളുകൾക്ക് ചികിത്സ ലഭ്യമാക്കുക, നിലവിലുള്ള ആശുപത്രികളിലെ തിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ഡിജിറ്റൽ പരിവർത്തനത്തിന് 1.8 കോടി ഡോളറിലധികം
സിറിയൻ ധനമന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനും സ്ഥാപന വികസനത്തിനുമായി 1.8 കോടി ഡോളറിലധികം അനുവദിക്കും. സർക്കാർ ധനകാര്യ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനായി സംയോജിത ഡിജിറ്റൽ സംവിധാനം നടപ്പാക്കും.
സിറിയയുടെ പുനർനിർമാണത്തിനും സാമ്പത്തിക സ്ഥിരതയ്ക്കുമായി സൗദി അറേബ്യ നൽകിവരുന്ന വികസന സഹായങ്ങളുടെ തുടർച്ചയാണ് പുതിയ കരാറുകൾ.
2025 സെപ്റ്റംബറിൽ സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് മുഖേന സിറിയയ്ക്ക് അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിനും സർക്കാർ ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളച്ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതിനുമായി രണ്ട് ഗ്രാന്റുകളും സൗദി അനുവദിച്ചിരുന്നു.
