റിയാദ്: കായിക മത്സരങ്ങളുടെയും പരിപാടികളുടെയും ടിക്കറ്റ് വിൽപനയും പുനർവിൽപനയും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പുറത്തിറക്കി സൗദി കായിക മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനധികൃത ടിക്കറ്റ് വിൽപന തടയുക, മേഖലയിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുക എന്നിവയാണ് ലക്ഷ്യം.
നവംബർ 15 മുതൽ റിയാദി പ്ലാറ്റ്ഫോം വഴി ടിക്കറ്റ് വിൽപന പ്ലാറ്റ്ഫോമുകൾക്ക് അംഗീകാരം നൽകുന്ന സേവനം ആരംഭിക്കും. നിലവിലുള്ള ടിക്കറ്റ് വിൽപന പ്ലാറ്റ്ഫോമുകൾക്ക് പുതിയ സാങ്കേതിക, നിയമ വ്യവസ്ഥകൾ പാലിക്കാൻ ചട്ടങ്ങൾ പുറത്തിറക്കിയ തീയതി മുതൽ 90 ദിവസം അനുവദിച്ചിട്ടുണ്ട്.
പരിപാടികളുടെ സംഘാടകർക്കും മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്ലാറ്റ്ഫോമുകൾക്കും മാത്രമേ ടിക്കറ്റുകൾ വിൽക്കാനും പുനർവിൽക്കാനും അനുമതിയുള്ളൂ. സുരക്ഷിതമായ പണമിടപാട്, ഉപഭോക്താക്കളുടെ വിവരങ്ങളുടെ സംരക്ഷണം, പരാതികൾ നൽകാനും ടിക്കറ്റുകൾ റദ്ദാക്കാനും പണം തിരിച്ചുനൽകാനുമുള്ള വ്യക്തമായ നടപടികൾ എന്നിവ ഉറപ്പാക്കണം.
ടിക്കറ്റ് വില, അധിക നിരക്കുകൾ, പണം തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ വ്യക്തമായി അറിയിക്കണം. മറച്ചുവെച്ച നിരക്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിലവിവരങ്ങൾ, അനുമതിയില്ലാത്ത ടിക്കറ്റ് കച്ചവടം എന്നിവ നിരോധിച്ചിട്ടുണ്ട്. വാങ്ങൽ പരിധി മറികടക്കാൻ ഓട്ടോമാറ്റിക് സോഫ്റ്റ്വെയറുകളോ ഒന്നിലധികം അക്കൗണ്ടുകളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ടിക്കറ്റുകൾ വാങ്ങുന്നവരുടെ തിരിച്ചറിയൽ വിവരങ്ങളുമായി ബന്ധിപ്പിക്കുക, ഒരാൾക്ക് വാങ്ങാവുന്ന ടിക്കറ്റുകളുടെ എണ്ണം നിയന്ത്രിക്കുക, വേദിയുടെ പരമാവധി ശേഷി പാലിക്കുക, സൈബർ സുരക്ഷയും വിവരസംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ ചട്ടങ്ങളിലുണ്ട്.
കായിക മേഖലയിലെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം കാണികളുടെ അനുഭവം മെച്ചപ്പെടുത്താനും പുതിയ ചട്ടങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
