റിയാദ്: സൗദി അറേബ്യയുടെ നിർദേശപ്രകാരം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിൽ (ഒഐസി) സൈബർ സുരക്ഷാ മന്ത്രിതല സമിതി രൂപീകരിക്കാൻ അംഗീകാരം. ഒഐസിയുടെ 52-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. 57 അറബ്, ഇസ്ലാമിക രാജ്യങ്ങൾ അംഗങ്ങളായ സംഘടനയുടെ പുതിയ സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് ഓഫീസും റിയാദിലായിരിക്കും.
അംഗരാജ്യങ്ങളുടെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുക, ദേശീയ സുരക്ഷയും നിർണായക അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കുക, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒഐസിയുടെ പ്രധാന ഏകോപന സംവിധാനമായും സമിതി പ്രവർത്തിക്കും.
അംഗരാജ്യങ്ങളിലെ സൈബർ സുരക്ഷാ അതോറിറ്റികളുടെ പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടും. ജനറൽ സെക്രട്ടേറിയറ്റിനും എക്സിക്യൂട്ടീവ് ഓഫീസിനും ആതിഥേയ രാജ്യത്തിന്റെ പ്രതിനിധികളായിരിക്കും നേതൃത്വം നൽകുക.
ലോകമെമ്പാടും സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് സൗദി നിർദേശം മുന്നോട്ടുവെച്ചതെന്ന് ദേശീയ സൈബർ സുരക്ഷാ അതോറിറ്റി ഗവർണർ മാജിദ് അൽ മസ്യദ് പറഞ്ഞു. രാജ്യങ്ങളുടെ നിർണായക താൽപര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, പ്രധാന മേഖലകൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഇത്തരം ഭീഷണികൾ അപകടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിന്റെ ക്ഷേമത്തിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും സൈബർ സുരക്ഷ നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള സൈബർ സുരക്ഷാ സംരംഭങ്ങളിൽ സൗദിയുടെ പങ്ക്
സൈബർ സുരക്ഷാ മേഖലയിൽ അന്താരാഷ്ട്ര സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും വിവിധ ആഗോള–പ്രാദേശിക സ്ഥാപനങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന സൗദിയുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് റിയാദിനെ ആസ്ഥാനമായി തിരഞ്ഞെടുത്തതെന്ന് അൽ മസ്യദ് പറഞ്ഞു. അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും പുതിയ സമിതി സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറം (GCF), അറബ് സൈബർ സുരക്ഷാ മന്ത്രിമാരുടെ കൗൺസിൽ തുടങ്ങിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ സൗദി പങ്കുവഹിച്ചിട്ടുണ്ട്. സൗദിയുടെ നിർദേശപ്രകാരം രൂപീകരിച്ച അറബ് കൗൺസിലിന്റെ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് ഓഫീസും റിയാദിലാണ്.
GCF-ഉം ലോക സാമ്പത്തിക ഫോറവും ചേർന്ന് സ്ഥാപിച്ച സെന്റർ ഫോർ സൈബർ ഇക്കണോമിക്സ്, ഐക്യരാഷ്ട്രസഭയുടെ പരിശീലന–ഗവേഷണ സ്ഥാപനമായ UNITAR-നു കീഴിലുള്ള ആദ്യ സൈബർ സുരക്ഷാ ഓഫീസിന് റിയാദ് ആതിഥേയത്വം വഹിച്ചത് എന്നിവയും ഈ മേഖലയിലെ സൗദിയുടെ മറ്റ് സംരംഭങ്ങളാണ്.
