റിയാദ്: എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (EGR) വാൽവിലെ തകരാറിനെ തുടർന്ന് സൗദി അറേബ്യയിൽ 2025 മോഡൽ വർഷത്തിലെ 3,108 ഫോർഡ്, ലിങ്കൺ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. ഫോർഡ് എക്സ്പ്ലോറർ, ടോറസ്, ലിങ്കൺ നോട്ടിലസ്, കോർസെയർ മോഡലുകളാണ് പട്ടികയിലുള്ളത്.
തകരാർ മൂലം വാഹനത്തിന്റെ വേഗം കൂട്ടാനുള്ള ശേഷി കുറയാനും ഡ്രൈവിങ് പവർ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബാധിത വാഹനങ്ങളുടെ ഉടമകൾ സൗജന്യമായി അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട ഡീലർമാരെ സമീപിക്കണം. അൽ ജസീറ വെഹിക്കിൾസ് ഏജൻസീസ് കമ്പനിയെ 8007492222 എന്ന ടോൾ ഫ്രീ നമ്പറിലും മുഹമ്മദ് യൂസഫ് നാഗി മോട്ടോഴ്സിനെ 8001240218 എന്ന നമ്പറിലും ബന്ധപ്പെടാം.
