റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ 12-ാമത് റിയാദ് സാമ്പത്തിക ഫോറത്തിന് തുടക്കമായി. രാജാവിന് വേണ്ടി റിയാദ് മേഖലാ ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദറാണ് ചൊവ്വാഴ്ച ഫോറം ഉദ്ഘാടനം ചെയ്തത്.
റിയാദ് അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മൂന്ന് ദിവസങ്ങളിലായാണ് ഫോറം നടക്കുന്നത്. രാജകുമാരന്മാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സൗദിയുടെ ദ്രുതഗതിയിലുള്ള വികസന–സാമ്പത്തിക പരിവർത്തനങ്ങൾക്ക് അനുയോജ്യമായ പ്രായോഗിക നിർദേശങ്ങൾ ഫോറത്തിലെ പഠനങ്ങളും ചർച്ചകളും മുന്നോട്ടുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിൻസ് ഫൈസൽ ബിൻ ബന്ദർ പറഞ്ഞു.
നയരൂപീകരണത്തിന് പിന്തുണ നൽകുകയും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന വേദിയാണ് റിയാദ് സാമ്പത്തിക ഫോറം. 2003ൽ ആരംഭിച്ച ഫോറത്തിന്റെ 12-ാമത് പതിപ്പിൽ സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്ന അഞ്ച് പ്രത്യേക തന്ത്രപ്രധാന പഠനങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
