റിയാദ്: രാജ്യത്തെ പുരുഷ സലൂണുകൾക്കും ബ്യൂട്ടി പാർലറുകൾക്കും പുതിയ കർശന ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി നഗരസഭാ, ഗ്രാമീണ കാര്യ മന്ത്രാലയം. ജീവനക്കാർക്ക് സാധുവായ ആരോഗ്യ കാർഡുകൾ (Health Certificates) നിർബന്ധമാക്കിയതിനൊപ്പം വ്യക്തിശുചിത്വം പാലിക്കുന്നതിലും സേവനവേളകളിൽ ശരിയായ ആരോഗ്യശീലങ്ങൾ പിന്തുടരുന്നതിലും കശന ജാഗ്രത വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കടകൾക്ക് പുറത്ത് വീടുകളിലെത്തി ഹെയർ കട്ടിംഗ് സേവനങ്ങൾ നൽകുന്നതിന് (Home Barber Services) മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി പത്രം നിർബന്ധമായും നേടിയിരിക്കണം.
വീണ്ടും ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഓരോ കസ്റ്റമർക്കും ശേഷം കൃത്യമായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് സലൂൺ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന (Disposable) ഉപകരണങ്ങൾ സേവനത്തിന് ശേഷം ഉടൻ തന്നെ സുരക്ഷിതമായി ഉപേക്ഷിക്കണം. സ്ഥാപനത്തിലെ സജ്ജീകരണങ്ങളും സേവന മേഖലകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി പരിപാലിക്കാനും നിർദ്ദേശമുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക, വ്യവസായ മേഖലയിൽ സുതാര്യമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. പിഴ ചുമത്തുന്നതിന് മുൻപ് നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തരാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ബോധവൽക്കരണം ശക്തമാക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
