റിയാദ്: വിരലടയാളം ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തിയില്ലെന്ന കാരണത്താൽ കാഴ്ചപരിമിതിയുള്ള ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് തുക പിടിച്ചുവെച്ച തൊഴിലുടമയുടെ നടപടി സൗദി മദീന മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ കോടതി റദ്ദാക്കിയ കീഴ്ക്കോടതി വിധി ശരിവെച്ചു.
കാഴ്ചപരിമിതി കാരണം ഹാജർ രേഖപ്പെടുത്താനുള്ള വിരലടയാള സ്കാനറിലെത്താൻ ആവർത്തിച്ച് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജീവനക്കാരൻ പതിവായി ജോലിക്കെത്തുകയും ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിരലടയാളം വഴിയുള്ള ഹാജർ സംവിധാനത്തിൽനിന്ന് നേരത്തേ ഇളവ് അനുവദിച്ചിരുന്നതായും കോടതി കണ്ടെത്തി. ജീവനക്കാരൻ പതിവായി ജോലിക്കെത്തിയിരുന്നുവെന്ന് നേരിട്ടുള്ള മേൽനോട്ട ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
വിരലടയാളം വഴി ഹാജർ രേഖപ്പെടുത്താത്തത് ജോലിക്ക് ഹാജരാകാതിരിക്കലോ വീഴ്ചയോ ആയി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മതിയായ കാരണങ്ങളില്ലാത്ത തൊഴിലുടമയുടെ ശമ്പളക്കിഴിവ് നടപടി റദ്ദാക്കിയ മദീന അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. ഭരണപരമായ പരാതികൾ പരിഗണിക്കുന്ന ബോർഡ് ഓഫ് ഗ്രീവൻസസാണ് വിധി പ്രസിദ്ധീകരിച്ചത്.
