റിയാദ്: റിയാദിലെ പ്രധാന ഗതാഗത പാതയായ തുമാമ റോഡിൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡുമായുള്ള ജങ്ഷനിൽ നിർമിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്നു. വെള്ളിയാഴ്ച രാവിലെ ആറിന് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) ആണ് പാലം തുറന്നത്.
ഏകദേശം ആറുമാസം നീണ്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പാലം തുറന്നത്. കിഴക്കൻ റിയാദിനെയും പടിഞ്ഞാറൻ റിയാദിനെയും ബന്ധിപ്പിക്കുന്ന തുമാമ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഏപ്രിൽ ഒന്നിന് പഴയ പാലം പൊളിച്ചുനീക്കിയ ശേഷമാണ് നിർമാണം ആരംഭിച്ചത്. റിയാദ് മെട്രോയുടെ തൂണുകൾക്ക് സമീപവും തിരക്കേറിയ ഗതാഗത മേഖലയിലുമായിരുന്നു നിർമാണം. ഗതാഗതം പൂർണമായി തടസ്സപ്പെടുത്താതെ 3,200 ടണ്ണിലധികം ഭാരമുള്ള ഘടനാഭാഗങ്ങൾ സ്ഥാപിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
400 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരുദിശകളിലുമായി ആറ് പ്രധാന ഗതാഗത പാതകളും നാല് സർവീസ് പാതകളുമുണ്ട്. കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലേക്കും സമീപത്തെ പ്രധാന റോഡുകളിലേക്കും താമസ–വാണിജ്യ മേഖലകളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്താനും പാലം സഹായിക്കും.
തുമാമ റോഡിന്റെ 24 കിലോമീറ്റർ ദൈർഘ്യമുള്ള വികസന പദ്ധതിയുടെ ഭാഗമാണിത്. ഇതിൽ 17 പാലങ്ങളും 10 തുരങ്കങ്ങളും മൂന്ന് ജങ്ഷനുകളും ഉൾപ്പെടുന്നു. കിങ് അബ്ദുൽ അസീസ് റോഡുമായുള്ള ജങ്ഷനിൽ ഉൾപ്പെടെ മറ്റ് ഭാഗങ്ങളിലെ നിർമാണവും പുരോഗമിക്കുകയാണ്.
റിയാദിന്റെ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 500 കിലോമീറ്ററിലധികം റോഡുകൾ നവീകരിക്കുന്നതിനുള്ള 22-ലധികം പദ്ധതികളാണ് നടപ്പാക്കുന്നത്.
