ജിദ്ദ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ജിദ്ദയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികളും ഒരു അഫ്ഗാൻ സ്വദേശിയും ഉൾപ്പെടെ മൂന്ന് താമസക്കാർ അറസ്റ്റിലായി. ഇവരിൽനിന്ന് 42 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തതായി സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
സുരക്ഷാ പട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മയക്കുമരുന്ന് കടത്തോ വിതരണമോ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ വിഭാഗം അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കാം.
