റിയാദ്: സൗദി അറേബ്യയിലെ റിയാദ്, അബഹ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ഫ്രാൻസും ഈജിപ്തും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
സൗദിയുടെ ഭൂപ്രദേശവും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹൂതികൾ ആക്രമണങ്ങളും പ്രകോപനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും ഇത്തരം നടപടികൾ മേഖലയിൽ അസ്ഥിരത വർധിപ്പിക്കുകയും യെമൻ ജനതയുടെ ദുരിതം രൂക്ഷമാക്കുകയും ചെയ്യുന്നതായും ഫ്രാൻസ് വ്യക്തമാക്കി.
റിയാദ്, അബഹ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനെ ഈജിപ്ത് അപലപിച്ചു. സൗദിയുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങൾ സൗദിയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടെന്നും യുഎഇ അറിയിച്ചു.
സിറിയ, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളും സൗദിയിലെ നിർണായക കേന്ദ്രങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. സിവിൽ ഏവിയേഷൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതും ഗുരുതരമായ സാഹചര്യമാണെന്ന് അറബ് ലീഗ് ചൂണ്ടിക്കാട്ടി. സൗദിയുടെ സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും സംഘടന വ്യക്തമാക്കി.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റും മുസ്ലിം വേൾഡ് ലീഗും ഹൂതി ആക്രമണങ്ങളെ അപലപിച്ചു. സൗദിക്കെതിരായ ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിൻ അഹമ്മദ് അൽ-യമാഹിയും വ്യക്തമാക്കി. ടാൻസാനിയയിലെ അരുഷയിൽ നടന്ന 153-ാമത് ഇന്റർ-പാർലമെന്ററി യൂണിയൻ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
