റിയാദ്: സൗദി അറേബ്യയിൽ നാല് തൊഴിൽ വിഭാഗങ്ങളിലായി ഉൾപ്പെടുന്ന 527 പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലൈസൻസുള്ള കൂട്ടത്താമസ സൗകര്യം ഒരുക്കണമെന്ന് ഖിവ (Qiwa) പ്ലാറ്റ്ഫോം വ്യക്തമാക്കി.
കൃഷി, വനസംരക്ഷണം, മത്സ്യകൃഷി മേഖലകളിലെ 53 തൊഴിൽ വിഭാഗങ്ങൾ, കരകൗശല മേഖലയിലെ 179 വിഭാഗങ്ങൾ, ഫാക്ടറി–യന്ത്ര ഓപ്പറേറ്റർമാരുടെയും അസംബ്ലി തൊഴിലാളികളുടെയും 218 വിഭാഗങ്ങൾ, അടിസ്ഥാന തൊഴിൽ മേഖലകളിലെ 77 വിഭാഗങ്ങൾ എന്നിവയാണ് പട്ടികയിലുള്ളത്.
സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്ക്യുപേഷൻസ് പ്രകാരം ആറു മുതൽ ഒമ്പത് വരെയുള്ള തൊഴിൽ വിഭാഗങ്ങളിലാണ് ഇവ ഉൾപ്പെടുന്നത്. ഈ വിഭാഗങ്ങളിൽ 20-ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ലൈസൻസുള്ള കൂട്ടത്താമസ സൗകര്യം ഒരുക്കണം.
തൊഴിലാളികൾക്ക് ശമ്പളത്തോടൊപ്പം താമസ അലവൻസ് നൽകുന്നത് ഈ ബാധ്യതയിൽനിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കില്ലെന്നും ഖിവ വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെടാത്ത തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് താമസസൗകര്യമോ പകരമായി താമസ അലവൻസോ നൽകാം.
കൂട്ടത്താമസ സൗകര്യങ്ങൾ ബന്ധപ്പെട്ട സാങ്കേതിക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസാന്തരീക്ഷം ഉറപ്പാക്കണമെന്നും പ്ലാറ്റ്ഫോം നിർദേശിച്ചു.
