റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ യെമനിൽ ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
സഅദ, ഹുദൈദ, അൽജൗഫ്, മാരിബ് പ്രവിശ്യകളിലായി നടത്തിയ സൈനിക നടപടിയിൽ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, കമാൻഡ്–നിയന്ത്രണ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ–ആയുധ സംഭരണ കേന്ദ്രങ്ങൾ, ഹൂതി സംഘങ്ങളുടെ ഒത്തുചേരൽ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.
സഅദയിലെ മലമ്പ്രദേശങ്ങളിലുള്ള 11 ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും തകർത്തവയിൽ ഉൾപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ സിവിലിയന്മാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും അൽ മാലിക്കി മുന്നറിയിപ്പ് നൽകി.
