റിയാദ്: ഹൂതി മിലീഷ്യയുടെ ആക്രമണങ്ങളെ നേരിടുന്ന സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഈജിപ്തും ജോർദാനും. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദെലാത്തിയുമായും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദിയുമായും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങളും സൗദിക്കൊപ്പം നിൽക്കുന്നതായി വ്യക്തമാക്കിയത്.
സൗദിക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഈജിപ്ത് അപലപിച്ചതായും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂർണ പിന്തുണ നൽകുന്നതായും ബദർ അബ്ദെലാത്തി അറിയിച്ചു. മക്കയും മദീനയും ഉൾപ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട ഹൂതി ആക്രമണങ്ങളെയും സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണശ്രമങ്ങളെയും ജോർദാൻ അപലപിച്ചു.
ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും കടൽപാതകളുടെ സുരക്ഷയും സ്വതന്ത്ര നാവിഗേഷനും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ ചർച്ച ചെയ്തു.
സൗദി–ഈജിപ്ത്, സൗദി–ജോർദാൻ ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ചയായ കൂടിക്കാഴ്ചകളിൽ മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ഏകോപനം തുടരുമെന്നും മന്ത്രിമാർ വ്യക്തമാക്കി. സുഡാന്റെ ഐക്യം, പരമാധികാരം, ദേശീയ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവയ്ക്കുള്ള പിന്തുണയും ഇരു രാജ്യങ്ങളും ആവർത്തിച്ചു.
