റിയാദ്: ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ റിയാദിന് വടക്ക് വെച്ച് തടഞ്ഞ് തകർത്തതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
സൻആയുടെ ആകാശപരിധിയിൽ നിന്ന് മിസൈൽ വിക്ഷേപിച്ച ലോഞ്ച് പ്ലാറ്റ്ഫോം സഖ്യസേനയുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ വഴി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ലോഞ്ച് കേന്ദ്രം തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പ് ഖമീസ് മുഷൈത്തിലേക്ക് വിക്ഷേപിച്ച മറ്റൊരു ഹൂതി ബാലിസ്റ്റിക് മിസൈലും തടഞ്ഞ് തകർത്തതായി സഖ്യസേന അറിയിച്ചിരുന്നു.
സൻആ, സഅദ, അംറാൻ പ്രവിശ്യകളിൽ നിന്നാണ് ഹൂതി മിസൈൽ ഭീഷണികൾ ഉയരുന്നതെന്ന് സഖ്യസേന പറഞ്ഞു. ബാലിസ്റ്റിക്, ഉപരിതല-ഉപരിതല മിസൈൽ ഭീഷണികൾ തടയുന്നതിനും വിക്ഷേപണ കേന്ദ്രങ്ങൾ തകർക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
