റിയാദ്: സൗദിയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ യെമൻ പൗരന്മാരുടെയും താമസ പദവി നിയമവിധേയമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ പരിപാലകനായ സൽമാൻ രാജാവിന്റെ നിർദേശപ്രകാരവും യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലിമി സമർപ്പിച്ച അഭ്യർഥനയുടെ അടിസ്ഥാനത്തിലുമാണ് നടപടി.
വിദേശകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി എന്നിവയുമായി ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. യെമൻ ജനതയോടുള്ള സൗദിയുടെ മാനവികവും സഹോദരപരവുമായ പിന്തുണയുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സാധുവായ യെമൻ പാസ്പോർട്ട് ഉണ്ടായിരിക്കണം എന്നതാണ് നിയമപരമായ പദവി ക്രമപ്പെടുത്തുന്നതിനുള്ള പ്രധാന വ്യവസ്ഥ. നടപടികൾ ആരംഭിക്കുന്ന തീയതിയും ബാധകമായ ചട്ടങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
