റിയാദ്: ഹൂതി ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന്റെ ഭൂപ്രദേശം, വിഭവങ്ങൾ, പരമാധികാരം, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായാണ് നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും യെമൻ സർക്കാരിനും ജനങ്ങൾക്കും പൂർണ രാഷ്ട്രീയ-സൈനിക പിന്തുണ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹൂതി നിയന്ത്രണം അവസാനിപ്പിച്ച് യെമൻ ഭരണകൂടവും ദേശീയ സ്ഥാപനങ്ങളും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
സൗദിയിലെ സാധാരണക്കാർക്കും സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മക്ക, മദീന, റിയാദ്, അബഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്റാൻ, തായിഫ്, യാൻബു എന്നിവിടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്കെതിരായ ആക്രമണങ്ങളും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2014ൽ യെമൻ സർക്കാരിനെതിരെ ഹൂതികൾ നടത്തിയ അധികാരപിടിത്തത്തിന് ശേഷം സമഗ്രവും ദീർഘകാലം നിലനിൽക്കുന്നതുമായ രാഷ്ട്രീയ പരിഹാരത്തിനായി സൗദി തുടർച്ചയായി ശ്രമിച്ചുവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ഹൂതികൾ സൈനിക സംഘർഷം തുടരുന്നത് യെമനിലെ മാനവികവും സാമ്പത്തികവുമായ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു.
ഹൂതി ഭീഷണി നേരിടുന്നതിൽ യെമൻ സർക്കാരിന് പൂർണ പിന്തുണ നൽകാനും ബന്ധപ്പെട്ട യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളോടും സൗദി ആവശ്യപ്പെട്ടു. യെമനും മേഖലയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഹൂതി ഭീഷണി ഉയർത്തുന്ന സാഹചര്യം അവസാനിപ്പിക്കാൻ കൂടുതൽ നടപടികൾ വേണമെന്നും സൗദി ആവശ്യപ്പെട്ടു.
