റിയാദ്: യെമനിലെ ഹുദൈദ പ്രവിശ്യയിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ നാവിക വിഭാഗം നടത്തിയ സൈനിക നടപടിയിൽ ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളും, സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകളും നാവിക മൈനുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളും ആക്രമണത്തിൽ നശിപ്പിച്ചതായി അൽ മാലിക്കി പറഞ്ഞു.
തെക്കൻ ചെങ്കടലിലെ കപ്പൽപാതകളെ ലക്ഷ്യമിട്ട് ഹൂതികൾ ആസൂത്രണം ചെയ്തിരുന്ന ആസന്നമായ ആക്രമണവും സൈനിക നടപടി വഴി തടഞ്ഞതായി അദ്ദേഹം അറിയിച്ചു.
ബാബ് അൽമന്ദബ് കടലിടുക്കിലെ നാവിഗേഷൻ സുരക്ഷയും സമുദ്രഗതാഗതവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി നടത്തിയതെന്നും സഖ്യസേന വ്യക്തമാക്കി.
