റിയാദ്: സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കിയ എന്നിവ ഉൾപ്പെടുന്ന മക്ക പ്രതിരോധ സഖ്യം ആക്രമണങ്ങൾക്കെതിരെ കൂട്ടായ പ്രതിരോധ നടപടികൾ സജീവമാക്കാൻ തീരുമാനിച്ചു. റിയാദിൽ ചേർന്ന സഖ്യത്തിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. സൗദിക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ നേരിടുന്നതിൽ മൂന്ന് രാജ്യങ്ങളുടെയും ഐക്യവും പിന്തുണയും യോഗം ആവർത്തിച്ച് വ്യക്തമാക്കി. ആക്രമണങ്ങൾക്കും അതിന് ഉത്തരവാദികളായവർക്കുമെതിരെ സഖ്യത്തിന്റെ ചട്ടക്കൂടിൽ കൂട്ടായ പ്രതിരോധ നടപടികൾ സജീവമാക്കാനും തീരുമാനിച്ചു.
അംഗീകരിച്ച സൈനിക സേനകളെയും ശേഷികളെയും സൗദിയിൽ വേഗത്തിൽ വിന്യസിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഇത് അംഗരാജ്യങ്ങളുടെ നിയമങ്ങൾക്കും അംഗീകരിച്ച ക്രമീകരണങ്ങൾക്കും അനുസരിച്ചായിരിക്കും.
സൗദിയുടെ പ്രതിരോധത്തിന് നൽകാവുന്ന പിന്തുണയെക്കുറിച്ചും സമാധാനപരമായും സംഭാഷണത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.
സഖ്യത്തിന്റെ സ്ഥാപന സംവിധാനവും രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ഫിദാൻ വ്യക്തമാക്കി. സെക്രട്ടേറിയറ്റിന്റെ ഘടനയ്ക്കൊപ്പം സൈനിക, പ്രവർത്തന, സാങ്കേതിക വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
പാകിസ്ഥാൻ സൈന്യത്തിലെ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നൗമാൻ മഹ്മൂദിനെ മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറലായി മൂന്ന് വർഷത്തേക്ക് നിയമിച്ചു.
