റിയാദ്: വൈദ്യുതി ഉൽപാദനത്തിനൊപ്പം വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ട് സൗദിയിൽ പുതിയ പദ്ധതി. റെഡ് സീ ഗ്ലോബലിന്റെ അമാലാ പദ്ധതിക്കായി പ്രവർത്തിക്കുന്ന 250 മെഗാവാട്ട് സോളാർ പാർക്കിൽ 38 മണൽമാനുകളെ (Sand Gazelles) എത്തിച്ചതായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് അറിയിച്ചു.
സോളാർ പാർക്കിനെ നിയന്ത്രിത പ്രജനന കേന്ദ്രമാക്കി മാറ്റി മണൽമാനുകളുടെ എണ്ണം വർധിപ്പിച്ച ശേഷം അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിതെന്ന് റിസർവ് അറിയിച്ചു.
‘ReWildingVoltaics’ എന്ന് പേരിട്ട പദ്ധതിയിൽ 33 പെൺ മണൽമാനുകളും അഞ്ച് ആൺ മണൽമാനുകളുമാണ് നിലവിൽ സോളാർ പാർക്കിൽ കഴിയുന്നത്. ഡിസംബറിൽ ആദ്യ കുഞ്ഞുങ്ങൾ പിറക്കുമെന്നാണ് പ്രതീക്ഷ.
2025 ഒക്ടോബറിൽ മണൽമാനുകൾ, മലമാനുകൾ, അറേബ്യൻ മുയലുകൾ എന്നിവ ഉൾപ്പെടുത്തി ഏഴ് മാസത്തെ പരീക്ഷണ ഘട്ടം നടത്തിയിരുന്നു. തുടർന്ന് മേയിൽ പദ്ധതി പ്രജനന ഘട്ടത്തിലേക്ക് കടന്നു.
റിസർവിന്റെ ശാസ്ത്രീയ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 2031ഓടെ മണൽമാനുകളുടെ എണ്ണം ഏകദേശം 600 ആയി ഉയരാൻ സാധ്യതയുണ്ട്. പിന്നീട് 24,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംരക്ഷിത മേഖലയിലേക്ക് ഇവയെ തിരിച്ചയക്കുകയാണ് ലക്ഷ്യം.
505 ഹെക്ടർ വിസ്തൃതിയുള്ള സോളാർ പാർക്കിന്റെ ഏകദേശം 73 ശതമാനം ഭാഗവും വന്യജീവികളുടെ ആവാസത്തിനായി ഉപയോഗിക്കാം. സോളാർ പാനലുകൾ നൽകുന്ന തണൽ ഭൂനിരപ്പിലെ താപനില ഏകദേശം 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നതായും റിസർവ് വ്യക്തമാക്കി.
സോളാർ പാർക്കിലെ സുരക്ഷിതമായ ചുറ്റുമതിൽ വേട്ടക്കാരിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ നിയന്ത്രിത സാഹചര്യത്തിൽ മൃഗങ്ങളുടെ ആരോഗ്യവും പെരുമാറ്റവും പ്രജനനവും നിരീക്ഷിക്കാൻ വിദഗ്ധർക്ക് സാധിക്കും.
പുനരുപയോഗ ഊർജ ഉൽപാദനത്തിനൊപ്പം ജൈവവൈവിധ്യ സംരക്ഷണവും സാധ്യമാക്കുന്ന മാതൃകയാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2030ഓടെ രാജ്യത്തിന്റെ കര-കടൽ പ്രദേശങ്ങളുടെ 30 ശതമാനം സംരക്ഷിക്കുകയും വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജത്തിൽ നിന്ന് നേടുകയും ചെയ്യാനുള്ള ലക്ഷ്യങ്ങളുമായും പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു.
