റിയാദ്: നഷ്ടപ്പെട്ടുപോയതോ പ്രവർത്തനം നിലച്ചതോ ആയ വഖഫ് സ്വത്തുക്കൾ കണ്ടെത്തി പുനരുജ്ജീവിപ്പിക്കുന്നതിനായി വിപ്ലവകരമായ പുതിയ നിയമാവലിയുമായി സൗദി ജനറൽ അതോറിറ്റി ഓഫ് എൻഡോവ്മെന്റ്സ് (General Authority of Awqaf). കൃത്യമായ വിവരങ്ങളും രേഖകളും നൽകി ഇത്തരം വഖഫ് സ്വത്തുക്കളെക്കുറിച്ച് അധികൃതരെ വിവരമറിയിക്കുന്നവർക്ക് സ്വത്തിന്റെ മൂല്യത്തിന്റെ 5 ശതമാനം വരെ, പരമാവധി 1 കോടി റിയാൽ (10 Million SAR) വരെ സാമ്പത്തിക പാരിതോഷികം നൽകുമെന്ന് അതോറിറ്റി വ്യക്തമാക്കി. വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അവയെ വീണ്ടും സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം.
പുതിയ നിയമപ്രകാരം പ്രധാനമായും രണ്ട് തരത്തിലുള്ള വഖഫ് സ്വത്തുക്കളെക്കുറിച്ചാണ് വിവരങ്ങൾ നൽകേണ്ടത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ലാത്തവ, ആധാരങ്ങളോ രേഖകളോ നഷ്ടപ്പെട്ടവ, അവകാശികളോ മേൽനോട്ടക്കാരോ (Nazir) ഇല്ലാത്തവ, അല്ലെങ്കിൽ യഥാർത്ഥ വഖഫ് വിവരം മനഃപൂർവ്വം മറച്ചുവെച്ചവയായ ‘അജ്ഞാത വഖഫുകൾ’ ആണ് ഇതിലൊന്ന്. കൂടാതെ തുടർച്ചയായി രണ്ട് വർഷത്തിലധികമായി യാതൊരുവിധ വരുമാനവും ലഭിക്കാത്തതോ ഉദ്ദേശിച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കാത്തതോ ആയ ‘പ്രവർത്തനരഹിതമായ വഖഫുകൾ’ സംബന്ധിച്ചും വിവരങ്ങൾ കൈമാറാം.
സാമ്പത്തിക പാരിതോഷികം ലഭിക്കുന്നതിനായി വിവരമറിയിക്കുന്ന വ്യക്തി ഔദ്യോഗിക എൻഡോവ്മെന്റ് പ്ലാറ്റ്ഫോം (Awqaf Platform) വഴി കൃത്യമായ വിവരങ്ങളും വിശ്വസനീയമായ തെളിവുകളും രേഖകളും സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ വിവരം നൽകുന്നയാൾ പ്രസ്തുത വഖഫിന്റെ നിലവിലെ മേൽനോട്ടക്കാരൻ അല്ലെങ്കിൽ സ്വത്ത് കൈയേറിയ ആളോ ആകരുത് എന്ന നിബന്ധനയുമുണ്ട്. എന്നാൽ മുൻപ് വഖഫ് സ്വത്ത് അനധികൃതമായി കൈയേറിയ വ്യക്തിയാണ് വിവരമറിയിക്കുന്നതെങ്കിൽ, നിയമം പ്രാബല്യത്തിൽ വന്ന് രണ്ട് വർഷത്തിനകം സ്വയം വെളിപ്പെടുത്തി സെറ്റിൽമെന്റ് നടത്തിയാൽ ശിക്ഷാനടപടികളിൽ നിന്ന് ഇളവ് നൽകുന്ന പ്രത്യേക വകുപ്പും പുതിയ നിയമാവലിയിലുണ്ട്.
വിവരം ലഭിക്കുന്ന മുറയ്ക്ക് സ്വത്തിന്റെ വഖഫ് സ്വഭാവം ഉറപ്പുവരുത്താനും, കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും, പുതിയ മേൽനോട്ടക്കാരെ നിയമിക്കാനും അതോറിറ്റിക്ക് പൂർണ്ണ അധികാരമുണ്ടാകും. ഷരീഅത്ത് നിബന്ധനകൾക്ക് വിധേയമായി ഇത്തരം സ്വത്തുക്കൾ വാടകയ്ക്ക് നൽകാനോ നിക്ഷേപ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കാനോ ഉള്ള നടപടികൾ തുടർന്ന് സ്വീകരിക്കും.
