ജിദ്ദ: പ്രവാചക പള്ളിക്ക് വൈദ്യുതി വിതരണം ചെയ്യുന്ന മദീനയിലെ തയ്ബ വൈദ്യുതി വിതരണ നിലയത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി അറേബ്യ അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണത്തിന് ഹൂതികളാണ് ഉത്തരവാദികളെന്ന് ആരോപിച്ചു.
സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC), യുഎഇ, ജോർദാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. മദീനയിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ഗുരുതരമായ സാഹചര്യമാണെന്നും വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കുന്നതാണെന്നും OIC വ്യക്തമാക്കി.
ആക്രമണത്തിൽ ഒരു ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമായെങ്കിലും വൈദ്യുതി ശൃംഖലയെ ബാധിച്ചില്ലെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഡ്രോണിന്റെ അവശിഷ്ടങ്ങളും അന്വേഷണ വിവരങ്ങളും ഹൂതികളുടെ പങ്കാളിത്തം തെളിയിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ ആക്രമണമാണിതെന്ന് യുഎഇ, ജോർദാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവർ വ്യക്തമാക്കി. സൗദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയുണ്ടെന്നും രാജ്യങ്ങൾ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് ഹൂതികളുടെ ഭാഗത്തുനിന്ന് ഉടൻ പ്രതികരണം ഉണ്ടായിട്ടില്ല.
