ജിദ്ദ: ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന മേഖലകളിൽ വ്യാഴാഴ്ച ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴവർഷം, പൊടിക്കാറ്റിന് കാരണമാകുന്ന ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
അൽബാഹയിലെ അൽഅഖീഖിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അസീറിൽ അഹദ് റഫീദ, ഖമീസ് മുഷൈത്ത് മേഖലകളിലും ഇതേ സമയത്ത് റെഡ് അലർട്ട് ബാധകമാണ്. മദീനയിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയാണ് റെഡ് അലർട്ട്.
അൽജൗഫ്, ഹായിൽ, നോർത്ത്േൺ ബോർഡേഴ്സ്, അൽഖസീമിന്റെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലും നേരിയതുമുതൽ മിതമായതുവരെയുള്ള ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് NCM അറിയിച്ചു.
ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽ 41°C വരെയും റിയാദ്, മദീനയിൽ 40°C വരെയും മക്കയിൽ 39°C വരെയും താപനില ഉയരുമെന്നാണ് പ്രവചനം. ജിദ്ദയിൽ 35°Cയും അൽബാഹയിൽ 26°Cയും താപനില പ്രതീക്ഷിക്കുന്നു.
