റിയാദ്: 2027 സാമ്പത്തിക വർഷത്തെ സൗദി ബജറ്റിന്റെ പ്രീ-ബജറ്റ് പ്രസ്താവന ധനമന്ത്രാലയം പുറത്തിറക്കി. അടുത്ത വർഷം സർക്കാർ ചെലവ് ഏകദേശം 1,392 ബില്യൺ റിയാലും വരുമാനം 1,202 ബില്യൺ റിയാലും ആയിരിക്കുമെന്നാണ് കണക്ക്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.6 ശതമാനം ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്.
2027ലെ വരുമാനം 1,202 ബില്യൺ റിയാലിൽ നിന്ന് 2029ഓടെ 1,351 ബില്യൺ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷ. ചെലവ് 2029ൽ 1,544 ബില്യൺ റിയാലിലെത്തും. വികസന പദ്ധതികൾക്കും തന്ത്രപ്രധാന പദ്ധതികൾക്കും തുടർന്നും ചെലവഴിക്കുന്നതിന്റെ ഭാഗമായാണിത്.
വിഷൻ 2030യുടെ ഭാഗമായി നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ എണ്ണയിതര മേഖലയെ ശക്തിപ്പെടുത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി. എണ്ണയിതര വരുമാനം 2015ലെ 166 ബില്യൺ റിയാലിൽ നിന്ന് 2025ൽ 505 ബില്യൺ റിയാലായി ഉയർന്നതായും പ്രസ്താവനയിൽ പറയുന്നു.
2026ൽ യഥാർഥ ജിഡിപിയിൽ 3.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. എണ്ണമേഖലയിൽ 21.8 ശതമാനം ഇടിവ് പ്രതീക്ഷിക്കുമ്പോഴും എണ്ണയിതര മേഖലയിൽ 3.2 ശതമാനം വളർച്ച തുടരുമെന്നാണ് വിലയിരുത്തൽ. 2026ലെ ആദ്യ പകുതിയിൽ എണ്ണയിതര മേഖല 1.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
2027ലും ആഭ്യന്തര, രാജ്യാന്തര വായ്പാ സമാഹരണം തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബോണ്ട്, സുകൂക്ക്, വായ്പകൾ എന്നിവയ്ക്കൊപ്പം പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം നൽകുന്ന മറ്റ് മാർഗങ്ങളും ഉപയോഗിക്കും.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും തുടരുന്നതിനിടയിലും ദീർഘകാല സാമ്പത്തിക ആസൂത്രണത്തിലൂടെ ധനസ്ഥിരത ഉറപ്പാക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. പ്രീ-ബജറ്റ് പ്രസ്താവന പുറത്തിറക്കിയത് പൊതുധനകാര്യത്തിലെ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
