റിയാദ്: റോഡരികിലെ പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡങ്ങൾ സൗദി റോഡ് കോഡിൽ ഉൾപ്പെടുത്തിയതായി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു. ഗതാഗത സുരക്ഷയും റോഡ് ശൃംഖലയുടെ കാര്യക്ഷമതയും വർധിപ്പിക്കുകയാണ് ലക്ഷ്യം.
ട്രാഫിക് സിഗ്നലുകളുള്ള കവലകളിൽ സിഗ്നലിലെ സ്റ്റോപ്പിങ് സോണിനും ആദ്യ പാർക്കിങ് സ്ഥലത്തിനുമിടയിൽ കുറഞ്ഞത് 15 മീറ്റർ അകലം വേണം. സിഗ്നലുകളില്ലാത്ത കവലകളിൽ കവലയിൽ നിന്ന് ആദ്യ പാർക്കിങ് സ്ഥലത്തേക്ക് കുറഞ്ഞത് 6 മീറ്റർ അകലം പാലിക്കണം.
കാൽനട ക്രോസിങ്ങിനും ആദ്യ പാർക്കിങ് സ്ഥലത്തിനുമിടയിലും സുരക്ഷിതമായ അകലം ഉറപ്പാക്കണം. സമാന്തര പാർക്കിങ് സ്ഥലങ്ങൾക്കിടയിൽ ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള പാതയായി ഇടങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും കോഡ് നിർദേശിക്കുന്നു.
രാജ്യത്തെ റോഡ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും സാങ്കേതിക റഫറൻസായി സൗദി റോഡ് കോഡ് പ്രവർത്തിക്കുമെന്ന് RGA വ്യക്തമാക്കി. റോഡുകളുടെ ആസൂത്രണം, രൂപകൽപ്പന, നിർമാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും സാങ്കേതിക രേഖകളും ഇതിൽ ഉൾപ്പെടുന്നു.
