റിയാദ്: 2026ലെ രണ്ടാം പാദത്തിൽ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരക്ക് 6.8 ശതമാനമായിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട കണക്കുകളാണിത്.
അതേസമയം, ഈ വർഷത്തെ ആദ്യ പാദത്തിലെ 6.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പാദത്തിൽ നേരിയ വർധന രേഖപ്പെടുത്തി.
തൊഴിൽ സ്വദേശിവത്കരണം ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളും സൗദികളുടെ തൊഴിലില്ലായ്മ കുറയാൻ സഹായിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025 അവസാനത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 25 ലക്ഷത്തിലധികമായി.
തൊഴിൽ മേഖലയിലെ സൗദി വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന നടപടികളും ഫലം കണ്ടു. സൗദി വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമായി, ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
വിഷൻ 2030യുടെ ഭാഗമായി 2030ൽ കൈവരിക്കേണ്ട 7 ശതമാനം തൊഴിലില്ലായ്മ ലക്ഷ്യം 2024 അവസാനത്തോടെ തന്നെ സൗദി കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
