ദോഹ: സെപ്റ്റംബർ 28, 29 തീയതികളിൽ ദോഹയിൽ നടന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) 11-ാമത് വാർഷിക യോഗത്തിൽ സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പങ്കെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ പദ്ധതികളുടെ യഥാർഥ വികസന ഫലവും പരിഗണിക്കണമെന്ന് അൽജദ്ആൻ ആവശ്യപ്പെട്ടു. മികച്ച അടിസ്ഥാന സൗകര്യ സേവനങ്ങൾ, ശക്തമായ സ്ഥാപനങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി, സ്വകാര്യ മേഖലയുടെ കൂടുതൽ പങ്കാളിത്തം എന്നിവയാണ് പദ്ധതികളുടെ വിജയത്തിന്റെ മാനദണ്ഡങ്ങളാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അംഗരാജ്യങ്ങളുമായി നേരത്തെയും കൂടുതൽ ശക്തമായും ആശയവിനിമയം നടത്തണമെന്നും ദേശീയ മുൻഗണനകൾക്ക് അനുസരിച്ചുള്ള ദീർഘകാല പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. മറ്റ് ബഹുരാഷ്ട്ര വികസന ബാങ്കുകളുമായും രാജ്യാന്തര സംഘടനകളുമായും സഹകരണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
2016ൽ ചൈനയിലെ ബെയ്ജിങ് ആസ്ഥാനമായി സ്ഥാപിതമായ AIIBയുടെ സ്ഥാപക അംഗമാണ് സൗദി അറേബ്യ.
