ജനീവ: മേഖലയിൽ നീതിപൂർവവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയും പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉറപ്പാക്കുകയും ചെയ്യുന്നതാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 63-ാമത് സമ്മേളനത്തിലെ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ മാനവികകാര്യ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സാലിം അൽ ഖഹ്താനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച അദ്ദേഹം വെടിനിർത്തൽ നിലനിർത്തുകയും സാധാരണക്കാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയെ ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ സ്വഭാവം മാറ്റാനുള്ള നടപടികളെയും സൗദി ശക്തമായി നിരസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പല രാജ്യങ്ങളും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെയും ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്ത നടപടികൾ ശക്തമാക്കിയതിനെയും സൗദി സ്വാഗതം ചെയ്തു. ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഉൾപ്പെടുന്ന ഏക പലസ്തീൻ ഭൂപ്രദേശമായി നിലനിൽക്കണമെന്നും അധിനിവേശം അവസാനിപ്പിക്കണമെന്നും സൗദി ആവർത്തിച്ചു.
