റിയാദ്: സ്ഥാപനങ്ങളുടെ സൗദിവൽക്കരണ അനുപാതം (Nitaqat Status) നിർണ്ണയിക്കുന്നതിൽ സൗദി പൗരന്മാരായ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള നിബന്ധനകളിൽ കൂടുതൽ വ്യക്തത വരുത്തി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ (Qiwa) പ്ലാറ്റ്ഫോം. ഒരു സ്വദേശി ജീവനക്കാരനെ പൂർണ്ണമായും നിതാഖാതിൽ ഒരു ആളായി (1 Saudi Worker) കണക്കാക്കണമെങ്കിൽ മുൻപത്തെ 52 ആഴ്ചകൾക്കുള്ളിൽ (ഒരു വർഷം) അഞ്ച് തൊഴിൽ കരാറുകളിൽ കൂടുതൽ ഉണ്ടാകരുത്.
നിതാഖാത് കണക്കാക്കാനുള്ള പ്രധാന വ്യവസ്ഥകൾ:
• ശമ്പള പരിധി: ഖിവ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയ ആകെ പ്രതിമാസ ശമ്പളം കുറഞ്ഞത് 4,000 റിയാലിൽ കുറയാൻ പാടില്ല.
• തൊഴിൽ കരാർ പ്രാബല്യം: ഖിവ പ്ലാറ്റ്ഫോം വഴി നിലവിലുള്ളതും സാധുതയുള്ളതുമായ (Active) തൊഴിൽ കരാർ ഉണ്ടായിരിക്കണം.
• പാർട്ട് ടൈം / വിദ്യാർത്ഥി ആവാൻ പാടില്ല: ജീവനക്കാരൻ പാർട്ട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളോ അല്ലെങ്കിൽ വിദ്യാർത്ഥിയോ ആകരുത്.
തൊഴിൽ കരാറുകളുടെ എണ്ണത്തിലെ പരിധികൾ (Maximum Contracts Limit):
• വർഷത്തിൽ പരമാവധി 7 കരാറുകൾ: ഒരു സൗദി പൗരന് ആദ്യ കരാർ ആരംഭിച്ച തീയതി മുതൽ 365 ദിവസത്തിനുള്ളിൽ പരമാവധി 7 തൊഴിൽ കരാറുകളിൽ മാത്രമേ ഏർപ്പെടാൻ സാധിക്കൂ. എട്ടാമതൊരു കരാർ ഉണ്ടാക്കണമെങ്കിൽ ആദ്യ കരാറിന്റെ തീയതി മുതൽ ഒരു വർഷം പൂർത്തിയാകണം. അതിന് മുൻപ് പുതിയ കരാറുണ്ടാക്കാൻ ശ്രമിച്ചാൽ “സൗദി ജീവനക്കാരന് തൊഴിൽ കരാർ സൃഷ്ടിക്കാൻ അനുമതിയില്ല” എന്ന മുന്നറിയിപ്പാകും സിസ്റ്റത്തിൽ ലഭിക്കുക.
• ഒരേ സമയം പരമാവധി 2 സജീവ കരാറുകൾ: ഒരു സ്വദേശിക്ക് ഒരേ സമയം പരമാവധി 2 സജീവ തൊഴിൽ കരാറുകളിൽ (Active Contracts) മാത്രമേ പങ്കാളിയാകാൻ കഴിയൂ. മൂന്നാമതൊരു ജോലിയിൽ പ്രവേശിക്കണമെങ്കിൽ നിലവിലുള്ള കരാറുകളിലൊന്ന് അവസാനിപ്പിക്കേണ്ടതുണ്ട്.
