റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിലും ഗവർണറേറ്റുകളിലുമായി ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അസീർ, ജിസാൻ, ദമ്മാം മെട്രോപൊളിറ്റൻ ഏരിയ, ഹായിൽ, മക്ക, അൽജൗഫ് എന്നിവിടങ്ങളിലാണ് പുതിയ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും ഓരോ സ്കൂൾ വീതമായിരിക്കും ആരംഭിക്കുക.
പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിലെ ട്രാഫിക് ലൈസൻസ് വിഭാഗവുമായി ഇ-മെയിൽ വഴി ബന്ധപ്പെടാം. പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും ഇ-മെയിൽ വഴി ലഭ്യമാക്കും.
അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസത്തിനകം താൽപര്യമുള്ള കമ്പനികളും സ്ഥാപനങ്ങളും അപേക്ഷ സമർപ്പിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
