റിയാദ്: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടൽ തീരം വഴി ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ സൗദി അറേബ്യ ഉപയോഗിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റോയിട്ടേഴ്സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം പൈപ്പ്ലൈൻ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും നിലവിൽ കുറഞ്ഞ തോതിലാണ് ക്രൂഡ് ഒഴുകുന്നത്. ചെങ്കടൽ തീരത്തെ യൻബു തുറമുഖത്ത് എണ്ണ കയറ്റുന്ന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച തന്നെ പുനരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബ്ലൂംബെർഗും പൈപ്പ്ലൈൻ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സൗദി ആരംഭിച്ചതായി റിപ്പോർട്ട് ചെയ്തു. ഈ വഴിയുള്ള എണ്ണ കയറ്റുമതി ഈ ആഴ്ച തന്നെ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 13ന് ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചത്. കേടുപാടുകൾ സംഭവിച്ച പമ്പിങ് സ്റ്റേഷൻ മറികടന്ന് ആദ്യം പരിമിതമായ തോതിൽ എണ്ണ ഒഴുക്ക് പുനഃസ്ഥാപിക്കാനും പിന്നീട് പൈപ്പ്ലൈൻ പൂർണ ശേഷിയിലേക്ക് കൊണ്ടുവരാനുമാണ് സൗദി അരാംകോ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
സൗദിയുടെ എണ്ണ കയറ്റുമതി സംവിധാനത്തിൽ തന്ത്രപ്രധാനമായ പാതയാണ് ഈ പൈപ്പ്ലൈൻ. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ ഇതിലൂടെ സാധിക്കും.
പൈപ്പ്ലൈൻ പുനരാരംഭിക്കുന്നതായുള്ള റിപ്പോർട്ടുകളും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതയും പുറത്തുവന്നതോടെ ചൊവ്വാഴ്ച അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് 2.8 ശതമാനം താഴ്ന്ന് ബാരലിന് 97.55 ഡോളറിലെത്തി, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 3.1 ശതമാനം ഇടിഞ്ഞ് 89.30 ഡോളറിലെത്തി.
