റിയാദ്: മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയച്ചുപോയാൽ അത് തിരികെ ലഭിക്കാനുള്ള അവകാശം ഉടമയ്ക്ക് നഷ്ടപ്പെടില്ലെന്ന് അഭിഭാഷകർ പ്രസ്താവിച്ചതായി ‘ഉകാദ്’ (Okaz) പത്രം റിപ്പോർട്ട് ചെയ്യുന്നു. തുക തിരികെ ലഭിക്കുന്നതിനായി സേവന ദാതാക്കളായ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സൗഹാർദ്ദപരമായി തുക തിരികെ ലഭിച്ചില്ലെങ്കിൽ ഉപഭോക്താവിന് നിയമനടപടികളിലേക്ക് കടക്കാമെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.
സെൻട്രൽ ബാങ്കിന്റെ (SAMA) പേയ്മെന്റ് സേവന നിയമാവലിയിലെ ആർട്ടിക്കിൾ 86 പ്രകാരം, അബദ്ധത്തിൽ പണം ലഭിച്ച ആളുടെ ബാങ്കുമായി സഹകരിച്ച് തുക തിരികെ നേടാൻ ബാങ്കുകൾ ബാധ്യസ്ഥരാണെന്ന് ലീഗൽ കൺസൾട്ടന്റ് അഡ്വ. സഅദ് അൽ ഷഹ്റാനി പറഞ്ഞു. ബാങ്കിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഉപഭോക്താവിന് സൗദി സെൻട്രൽ ബാങ്കിൽ പരാതി നൽകാം. പണം തിരികെ ലഭിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുന്നതിനായി ബാങ്കിൽ നിന്ന് വിവരങ്ങൾ രേഖാമൂലം ആവശ്യപ്പെടാനും ഉപഭോക്താവിന് അവകാശമുണ്ട്.
ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകൾക്ക് ബാങ്ക് പൂർണ്ണ ഉത്തരവാദിയല്ലെങ്കിലും തുക തിരികെ ലഭിക്കാനുള്ള എല്ലാ സഹായങ്ങളും ബാങ്ക് ചെയ്തു നൽകണമെന്ന് അഡ്വ. അബീർ ദഗ്രീരി വ്യക്തമാക്കി. സിവിൽ ഇടപാട് നിയമത്തിലെ (Civil Transactions Law) ആർട്ടിക്കിൾ 145 പ്രകാരം അവകാശപ്പെടാനില്ലാത്ത പണം അക്കൗണ്ടിലെത്തിയാൽ അത് തിരികെ നൽകാൻ കൈപ്പറ്റിയ ആൾ ബാധ്യസ്ഥനാണ്. പണം അക്കൗണ്ടിലെത്തി എന്നതുകൊണ്ട് മാത്രം അത് ആ വ്യക്തിയുടെ സ്വന്തമാകുന്നില്ല. ബാങ്ക് വഴിയോ സെൻട്രൽ ബാങ്ക് വഴിയോ പരിഹാരമായില്ലെങ്കിൽ ‘അനാവശ്യ ധനസമ്പാദനം’ (Unjust Enrichment) ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
