ജിദ്ദ: സൗദി അറേബ്യയിലെ മക്ക, അൽ-ബാഹ, അസീർ, ജിസാൻ മേഖലകളിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, മിന്നൽ പ്രളയം, ആലിപ്പഴം, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മക്ക മേഖലയിൽ തായിഫ്, അൽ-അർദിയാത്ത്, അദ്ഹം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് റെഡ് അലർട്ട്. റിമാഹ് ഉൾപ്പെടെയുള്ള മറ്റു ചില പ്രദേശങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. അൽ-ജുമൂം, അൽ-കാമിൽ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൽ-ബാഹ മേഖലയിൽ അൽ-ബാഹ, അൽ-ഹജ്റ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അസീർ മേഖലയിൽ റിജാൽ അൽമഅ, അൽ-ഹരജ എന്നിവിടങ്ങളിലും റെഡ് അലർട്ട് നിലവിലുണ്ട്.
ജിസാൻ മേഖലയിൽ ജിസാൻ, അൽ-ദർബ്, അബു അരീഷ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലും കനത്ത മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മദീനയിലെ അൽ-മഹ്ദ്, അൽ-ഐസ്, ബദർ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്ക് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. അൽ-ബാഹയിലെ അൽ-അഖീഖ്, അസീറിലെ അൽ-ബർഖ് എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
