ജിദ്ദ കോർണിഷിൽ ആകാശം കീഴടക്കി സൗദി യുദ്ധവിമാനങ്ങളുടെ വ്യോമപ്രകടനം
ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ജിദ്ദ കോർണിഷിന്റെ ആകാശത്ത് സൗദി യുദ്ധവിമാനങ്ങളുടെ വിസ്മയിപ്പിക്കുന്ന വ്യോമപ്രകടനം. റോശൻ വാട്ടർഫ്രണ്ടിൽ വൻ ജനക്കൂട്ടമാണ് പ്രകടനം കാണാൻ എത്തിയത്. ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തിൽ സൗദി പതാകകളും സ്കാർഫുകളും വീശിയാണ് താമസക്കാരും സന്ദർശകരും വ്യോമപ്രകടനത്തെ വരവേറ്റത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ദേശീയ ദിനാഘോഷ പരിപാടിയുടെ ഭാഗമായാണ് വ്യോമപ്രകടനം സംഘടിപ്പിച്ചത്. സെപ്റ്റംബർ 20 ഞായറാഴ്ച വരെ ദിവസവും വൈകിട്ട് 5 മണിക്ക് ജിദ്ദ വാട്ടർഫ്രണ്ടിൽ വ്യോമപ്രകടനം തുടരും.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലും വ്യോമപ്രകടനം സംഘടിപ്പിക്കും. സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണിക്ക് മൽഹമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പരിപാടി.
തുടർന്ന് അൽ ഖോബറിലാണ് വ്യോമപ്രകടനങ്ങൾ നടക്കുക. സെപ്റ്റംബർ 26, 27 തീയതികളിൽ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് മുന്നിലുള്ള അൽ ഖോബർ വാട്ടർഫ്രണ്ടിലാണ് പരിപാടി സംഘടിപ്പിക്കുക.
