റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശുപാർശയെ തുടർന്ന് സൗദി ഇലക്ട്രോണിക് സർവകലാശാലയുടെ പേര് പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല എന്നാക്കി മാറ്റാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി.
രാജ്യത്തിന്റെ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ പ്രമുഖ രാഷ്ട്രതന്ത്രജ്ഞനായ അന്തരിച്ച പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ ദേശീയ സേവനങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് സർവകലാശാലയുടെ പേര് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബെൻയാൻ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് ഭരണനേതൃത്വം നൽകുന്ന തുടർച്ചയായ പിന്തുണയും മനുഷ്യവിഭവ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വികസനത്തിലും വിവിധ സ്ഥാപനങ്ങളുടെ വളർച്ചയിലും നിർണായകമായ ഘട്ടങ്ങളുമായി അടുത്ത ബന്ധമുള്ള ദേശീയ വ്യക്തിത്വത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ സർവകലാശാല പ്രസിഡന്റ് ഡോ. മുഹമ്മദ് ബിൻ യഹ്യ മർദി പുതിയ പേര് ദേശീയവും അക്കാദമികവുമായ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു. അന്തരിച്ച രാജകുമാരന്റെ രാജ്യത്തിനായുള്ള സംഭാവനകളോടുള്ള ആദരവാണ് പേരുമാറ്റം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസം, സംസ്കാരം, വിജ്ഞാനം എന്നീ മേഖലകളിൽ പ്രിൻസ് മുസാഇദ് പുലർത്തിയിരുന്ന താൽപര്യം സർവകലാശാലയുടെ ദൗത്യവുമായി ചേർന്നുനിൽക്കുന്നതാണെന്നും കഴിവുകൾ വികസിപ്പിക്കുകയും പഠനാവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് സർവകലാശാലയുടെ ലക്ഷ്യമെന്നും മർദി പറഞ്ഞു.
പ്രിൻസ് മുസാഇദ് ബിൻ അബ്ദുറഹ്മാൻ എന്ന പേരിലൂടെ കൈമാറപ്പെടുന്ന ദേശീയവും വൈജ്ഞാനികവുമായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികവിലേക്കും നവീകരണത്തിലേക്കുമുള്ള യാത്ര തുടരുമെന്നും രാജ്യത്തിന് നൽകുന്ന സംഭാവനകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
