വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് 48 എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ 24.3 ബില്യൺ ഡോളർ മൂല്യമുള്ള ആയുധ വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയതായി കോൺഗ്രസിന് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ ആദ്യമായി ലഭിക്കുന്ന ഇടപാടായിരിക്കും ഇത്.
ലോക്ക്ഹീഡ് മാർട്ടിന്റെ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം സൗദി അറേബ്യ 2025ന്റെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് അറിയിച്ചിരുന്നു. 2025 നവംബറിൽ സൗദിക്ക് എഫ്-35 വിമാനങ്ങൾ വിൽക്കാൻ വാഷിങ്ടൺ ഉദ്ദേശിക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിർദേശിച്ചിരിക്കുന്ന കരാറിൽ 48 എഫ്-35 വിമാനങ്ങൾക്കൊപ്പം പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 49 F135 എൻജിനുകളും അനുബന്ധ ഉപകരണങ്ങൾ, പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവയും ഉൾപ്പെടുന്നു.
നിലവിലെയും ഭാവിയിലെയും ഭീഷണികളെ പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ ശേഷി ശക്തിപ്പെടുത്താനും രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കാനും അമേരിക്കയുമായും മറ്റ് സഖ്യരാജ്യങ്ങളുമായുമുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനും കരാർ സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
സൗദിയുടെ ആകാശ-ആകാശ, ആകാശ-ഭൂമി ആക്രമണ ശേഷികൾ വർധിപ്പിക്കാനും നിർദേശിച്ച വിൽപ്പന സഹായിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഈ ഇടപാട് മേഖലയുടെ നിലവിലുള്ള സൈനിക ശക്തിസന്തുലിതാവസ്ഥയിൽ മാറ്റം വരുത്തില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
